Saturday, March 19, 2011

തിളക്കമുള്ള സ്ഥാനാര്‍ഥി നിര; എല്‍ഡിഎഫ് പ്രചാരണം ഊര്‍ജിതം

കാസര്‍കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ത്തിയായതോടെ ജില്‍യില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതമായി. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വീണ്ടും എല്‍ഡിഎഫിനെ അധികാരത്തിലേറ്റുമെന്ന ഉറച്ച വിശ്വാസത്തിലാണ് പ്രവര്‍ത്തകര്‍. രണ്ട് സിറ്റിങ് എംഎല്‍എമാരും മൂന്നു പുതുമുഖങ്ങളുമാണ് ജില്ലയില്‍ ഇടതുപക്ഷത്തിനുവേണ്ടി പടക്കളത്തിലിറങ്ങുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ ജില്ലയിലേക്ക് കൊണ്ടുവന്ന വികസന പദ്ധതികളുടെ ബലത്തിലാണ് ഇവര്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നത്.
അഞ്ചു മണ്ഡലത്തിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എല്‍ഡിഎഫ് പ്രചാരണരംഗത്ത് ഇറങ്ങിയെങ്കിലും കോഗ്രസ് സ്ഥാനാര്‍ഥികള്‍ ആരായിരിക്കുമെന്നറിയാതെ യുഡിഎഫ് കേന്ദ്രങ്ങള്‍ മ്ലാനതയിലാണ്. മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുവെങ്കിലും അണികളുടെ പ്രതീക്ഷക്ക് വിപരീതമായുണ്ടായ സ്ഥാനാര്‍ഥി നിര്‍ണയം കടുത്ത പ്രതിഷേധത്തിനിടയാക്കി. കുഞ്ഞാലിക്കുട്ടിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്നതിലേക്ക്‌വരെയെത്തി പ്രതിഷേധത്തിന്റെ കടുപ്പം. അതേസമയം പൊതുസമ്മതരായ, നാടിനും ജനങ്ങള്‍ക്കും വേണ്ടി പതിറ്റാണ്ടുകളായി പൊതുരംഗത്തുള്ളവരെയാണ് എല്‍ഡിഎഫ് രംഗത്തിറക്കിയത്. മഞ്ചേശ്വരത്ത് രണാമങ്കത്തിനിറങ്ങുന്ന സി എച്ച് കുഞ്ഞമ്പു അഞ്ചുവര്‍ഷം കൊണ്ട് മണ്ഡലത്തിലെ ജനങ്ങളുടെ ആകെ അംഗീകാരം നേടിയ ജനപ്രതിനിധിയാണ്. വികസനം എന്തെന്ന് മഞ്ചേശ്വരം അറിഞ്ഞത് സി എച്ച് വന്നതിനുശേഷമാണെന്ന് ജനങ്ങള്‍ ഒരേ സ്വരത്തില്‍ പറയുന്നു. അവഗണനയുടെ പരകോടിയിലായിരുന്ന മണ്ഡലത്തില്‍ വികസനത്തിന്റെ പൊന്‍വെളിച്ചം എത്തിച്ചത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിലാണ്. 50 കൊല്ലംകൊണ്ടുണ്ടായതിലധികം നേട്ടമാണ് അഞ്ചുവര്‍ഷംകൊണ്ട് ഉണ്ടായത്. ആരും തിരിഞ്ഞു നോക്കാതിരുന്ന ഭാഷാന്യൂനപക്ഷത്തിന് സമൂഹത്തില്‍ മാന്യമായ സ്ഥാനം ഉണ്ടാക്കിക്കൊടുത്തതും സി എച്ചിന്റെ നേതൃത്വത്തിലാണ്്. തുളുഅക്കാദമിയും പാര്‍ത്ഥിസുബ്ബ കലാക്ഷേത്രവും മാപ്പിളകലാ കേന്ദ്രവുമെല്ലാം ഇതിന്റെ ഭാഗമാണ്. ഒപ്പം നാടിന്റെ വികസനത്തന് കോടികളുടെ പദ്ധതിയും. ഇതിനെല്ലാം നേതൃത്വം നല്‍കിയ സി എച്ച് തങ്ങളിലൊരാളായാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ജനങ്ങള്‍ കാണുന്നത്. വീണ്ടും സ്ഥാനാര്‍ഥിയായി വന്നതോടെ ജനങ്ങളാകെ വലിയ ആവേശത്തിലാണ്. വികസന മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ കെ കുഞ്ഞിരാമനാണ് തൃക്കരിപ്പൂരില്‍ രണാമങ്കത്തിനിറങ്ങുന്നത്. ചീമേനിയില്‍ ഐടി സിറ്റിക്കും മടക്കരയില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനും നേതൃത്വം നല്‍കിയതിനൊപ്പം ചീമേനിയില്‍ മൂന്നു പതിറ്റാണ്ടിലധികമായി പരിഹരിക്കാതെ കിടന്ന ഭൂ പ്രശ്‌നത്തിനും പരിഹാരം കണ്ടതിന്റെ നേട്ടവുമായാണ് ഈ കര്‍ഷക തൊഴിലാളി നേതാവ് വീണ്ടും മത്സരത്തിനിറങ്ങുന്നത്. അഞ്ചുവര്‍ഷവും മണ്ഡലത്തിലാകെ നിറഞ്ഞുനിന്ന് ജനകീയ പ്രശ്‌നങ്ങളിലാകെ ഇടപെട്ട കുഞ്ഞിരാമന്റെ സ്ഥാനാര്‍ഥിത്വം മണ്ഡലത്തിലെ ജനങ്ങള്‍ ആവേശത്തോടെയാണ് വരവേറ്റത്. ഉദുമയില്‍ സിപിഐ എം ഏരിയാസെക്രട്ടറി കെ കുഞ്ഞിരാമനും കാഞ്ഞങ്ങാട് സിപിഐ സംസ്ഥാന അസി.സെക്രട്ടറി ഇ ചന്ദ്രശേഖരനും കാസര്‍കോട് ഐഎന്‍എല്‍ ജില്ലാജനറല്‍ സെക്രട്ടറി അസീസ് കടപ്പുറവുമാണ് കന്നിയങ്കത്തിനിറങ്ങുന്നവര്‍. തെരഞ്ഞെടുപ്പ് മത്സരത്തില്‍ പുതുമുഖങ്ങളാണെങ്കിലും വര്‍ഷങ്ങളായി ജില്ലയിലെ ജനകീയ പ്രക്ഷോഭങ്ങളിലും പൊതു കാര്യങ്ങളിലും നിറ സാനിധ്യമാണ് ഇവരെല്ലാം. മണ്ഡലങ്ങളില്‍ പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തവര്‍, വോട്ടര്‍മാര്‍ക്ക് സുപരിചിതര്‍, രാഷ്ട്രീയത്തിനതീത സൗഹൃദവലയമുള്ളവര്‍, കറപുരളാത്ത പൊതുജീവിതത്തിന്റെ ഉടമകള്‍. ആവേശത്തോടെയാണ് ഇവരെ നാട് സ്വീകരിച്ചത്. മഞ്ചേശ്വരത്ത് ആരംഭിച്ച മണ്ഡലം കവന്‍ഷനുകളിലെ ജനപങ്കാളിത്തം എല്‍ഡിഎഫിന്റെ ജനപിന്തുണയുടെ തെളിവായി. കാസര്‍കോട് മണ്ഡലം എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ഥി അസീസ് കടപ്പുറം ശനിയാഴ്ച വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് വോട്ടഭ്യര്‍ഥിച്ചു. പകല്‍ രണ്ടിന് കാസര്‍കോട് സെന്റ് ജോസഫ് ചര്‍ച്ച് വികാരി ആന്റണി പുത്തൂരിന്റെ ആശിര്‍വാദങ്ങളോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട അസീസിനൊപ്പം എല്‍ഡിഎഫ് നേതാക്കളായ എം വി കോമന്‍ നമ്പ്യാര്‍, കെ ബാലകൃഷ്ണന്‍, എസ് ഉദയകുമാര്‍, കെ ഭാസ്‌കരന്‍, പി വി കുഞ്ഞമ്പു എന്നിവരുമുണ്ടായി.

No comments:

Post a Comment