Sunday, March 20, 2011

കരുണാകരനും കുടുംബത്തിനും തണലായി ഇ എം എസ് വീട്

കാഞ്ഞങ്ങാട്: ഇ എം എസ് ഭവനപദ്ധതിയില്‍ നിര്‍മിച്ച വീട്ടില്‍ ഇ എം എസ് ദിനത്തില്‍ ഗൃഹപ്രവേശം നടക്കും. കോടോം-ബേളൂര്‍ അട്ടേങ്ങാനം മൂരിക്കടയിലെ കര്‍ഷക തൊഴിലാളി കെ എ കരുണാകരനും കുടുംബവുമാണ് സമാനതകളില്ലാത്ത തീരുമാനമെടുത്ത് കമ്യൂണിസ്റ്റ് ആചാര്യന്റെ ഓര്‍മകളും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളും നേഞ്ചേറ്റുന്നത്.
അട്ടേങ്ങാനം വെളളച്ചാലിലെ തറവാട്ടുവീട്ടില്‍ ഭാര്യാസമേതം താമസിച്ചുവരവെ നാലരവര്‍ഷം മുമ്പാണ് കരുണാകരന്‍ പണിയെടുത്ത് മിച്ചം വെച്ച 45,000 രൂപ നല്‍കി 10 സെന്റ് ഭൂമി വാങ്ങിയത്. സ്വകാര്യ ബീഡിതൊഴിലാളിയായ ഭാര്യ ശാന്തകുമാരിക്കൊപ്പം രണ്ടുവര്‍ഷം മുമ്പ് ഇവിടെ ഷെഡുകെട്ടി സ്ഥിരതാമസമാക്കി. സ്വന്തമായി ഒരു വീട് നിര്‍മിക്കാന്‍ ഒരിക്കലും കഴിയില്ലെന്ന് കരുതി പറക്കമുറ്റാത്ത രണ്ട് മക്കള്‍ക്കൊപ്പമായിരുന്നു അടച്ചുറപ്പില്ലാത്ത ഷെഡിലെ താമസം. ഇ എം എസ് ഭവന പദ്ധതിയാണ് കരുണാകരന്‍െയും ശാന്തകുമാരിയുടെയും മനസില്‍ അടച്ചുറപ്പുള്ള സ്വന്തം വീടെന്ന സ്വപ്നത്തിന് നിമിത്തമായത്. ഭവന രഹിതരെന്ന പരിഗണന നല്‍കി ഗുണഭോക്തൃ പട്ടികയില്‍ പഞ്ചായത്ത് പ്രഥമ പരിഗണന നല്‍കിയതോടെ ധനസഹായമായി 75,000 രൂപ ലഭിച്ചു. ഈ തുക ഉപയോഗിച്ച് 60 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മനോഹരമായ കോക്രീറ്റ് വീട് വളരെപെട്ടെന്ന് നിര്‍മിക്കാനായി. സര്‍ക്കാര്‍ ഉത്തരവിലൂടെ ഇ എം എസ് ഭവന പദ്ധതിയുടെ വിസ്തൃതി വര്‍ധിപ്പിച്ചതോടെ വീടിന്റെ വലുപ്പം അല്‍പമൊന്ന് കൂട്ടി. രണ്ടും മുറികളും അടുക്കളയും ഹാളും വീടിനോട് ചേര്‍ന്ന് ബാത്ത്‌റൂമുമായപ്പോള്‍ നാലംഗങ്ങള്‍ മാത്രമുള്ള സന്തുഷ്ട കുടുംബത്തിനുള്ള സൗകര്യങ്ങളായി. സ്വന്തം കായികാധ്വാനത്തോടൊപ്പം സമ്പാദ്യവും വീടിനായി ചെലവഴിച്ചു. പണി പൂര്‍ത്തിയാകുന്നതോടെ 1.75 ലക്ഷം രൂപയാകുമെന്ന്് കരുണാകരന്‍ പറഞ്ഞു. ഇ എം എസ് ഭവന പദ്ധതിയില്ലായിരുന്നെങ്കില്‍ ഇത്തരമൊരു വീട് ഞങ്ങളുടെ ജീവിതത്തില്‍ കെട്ടാന്‍ കഴിയുമായിരുന്നില്ല. ഇ എം എസിന്റെ പേരും ഫോട്ടോയുമുള്‍പ്പെട്ട സ്റ്റിക്കര്‍ പതിക്കുന്നതില്‍ ഞങ്ങള്‍ക്കഭിമാനമുണ്ട്. കരുണാകരനും ശാന്തകുമാരിയും ഒരേ സ്വരത്തില്‍ പറഞ്ഞു.

No comments:

Post a Comment